Kerala Forest Department

ആമസംരക്ഷണം

കേരളത്തിന്റെ തീരപ്രദേശം,  അഴിമുഖങ്ങളും ഉൾക്കടലുകളും കായലുകളും, കടൽഭിത്തികളും കൊണ്ട് നിറഞ്ഞ, വൈവിധ്യമാർന്ന 590 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ആവാസവ്യവസ്ഥയാണ്. ഇടയ്ക്കിടെ തീരത്തെത്തി മുട്ടയിട്ടു മറയുന്ന ഒലിവ് റിഡ്‌ലി  കടലാമകൾ  തൊട്ട് കൂടുകൂട്ടുന്നില്ലെങ്കിലും വന്നു പോകുന്ന ലെതർബാക്ക് ആമകൾ, തെക്കൻ കേരള തീരത്ത് കൂടുണ്ടാക്കുന്ന പച്ച ആമകൾ വരെ നിരവധി ആമകളും ഇക്കൂട്ടത്തിലുണ്ട്.

1920-കളിൽ ടി.എച്ച് കാമറൂൺ എന്ന വിഖ്യാത എഴുത്തുകാരൻ,  കേരളത്തിലെ ലതർബാക്ക് കടലാമകൾ കുറഞ്ഞു വരുന്ന പ്രവണത സംബന്ധിച്ച്, ഒരു പഠനം നടത്തി. 1915 ആയപ്പോഴെയ്ക്കും ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിർണായകമായ നിരീക്ഷണങ്ങൾ അദ്ദേഹം വെളിപ്പെടുത്തി.

ലോക വന്യജീവിനിധിക്കുവേണ്ടി 1980-ൽ സതീഷ് ഭാസ്ക്കർ നടത്തിയ സർവ്വേ ആശങ്കാജനകമായ യാഥാർത്ഥ്യം പുറത്തുകൊണ്ടുവന്നു. കടൽഭിത്തികളാൽ ചുറ്റപ്പെട്ട കേരളത്തിന്റെ തീരപ്രദേശം ഈ ആമകൾക്ക് കൂടുകൂട്ടാൻ അനുയോജ്യമല്ലാത്ത സ്ഥലമായിമാറുന്നു.  കൂടാതെ, ആമകളുടെയും, അവയുടെ മുട്ടകളുടെയും ഉപഭോഗം പ്രത്യേകിച്ച്       തെക്കൻ തീരദേശത്ത് വ്യാപകമാകുന്നു.  സംഘടിത ആമവേട്ട സാധാരണമല്ലെങ്കിലും കുളച്ചിൽ മേഖലയിൽ നിന്നുള്ള കുടിയേറ്റ മീൻ പിടുത്ത സമൂഹം  ലെതർബാക് ആമയുടെ  ഇറച്ചി വലിയ തോതിൽ ഭക്ഷണമാക്കുന്നതായി പരാതിയുണ്ട്.

ഭാഗ്യവശാൽ, ഈ അടുത്ത കാലത്ത് ഇക്കാര്യത്തിൽ മാറ്റം കണ്ടുവരുന്നുണ്ട്. കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രത്യേക അജണ്ടയായെടുത്ത പ്രാദേശിക സംഘടനകൾ കടലാമകളുടെ സംരക്ഷണം സജീവമായി ഏറ്റെടുത്തിട്ടുണ്ട്.  മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘തീരം പ്രകൃതി സംരക്ഷണ സമിതി’ ശ്രദ്ധയമായ ഉദാഹരണമാണ്.  ഈ കടൽ ജീവികളെ സംരക്ഷിക്കണമെന്ന  ഉറച്ച തീരുമാനം സമൂഹത്തിന്റെ മാറ്റത്തിന്റെ കാറ്റായും ഉറച്ച പ്രതിബദ്ധതയായും കണക്കാക്കാം.

ശ്രീ.ജയകുമാറും, ദിലീപ്കുമാറും (2000-2001) നടത്തിയ ഒരു സർവ്വെയിൽ സങ്കീർണ്ണമായ ഒരു സാമൂഹിക വശം എടുത്തു കാണിക്കുകയുണ്ടായി.  ചില പ്രത്യേക സമൂഹങ്ങൾ പ്രത്യേകിച്ച് തെക്കുള്ളവർ കടലാമയുടെ മാംസം കഴിക്കുന്നതായി കണ്ടെത്തിയപ്പോൾ വടക്കൻ കടലോര വാസികൾ പൊതുവെ ഇവയെ ഭക്ഷണമാക്കുന്നില്ല.  കൗതുകകരമെന്നുപറയട്ടെ, കടലാമകളുടെയും, തിമിംഗലങ്ങളുടെയും സംരക്ഷണം ഉറപ്പിക്കുന്നതിൽ ‘കടൽ കോടതി’ പോലുള്ള പരമ്പാരാഗത സ്ഥാപനങ്ങളുടെ പങ്കും ശ്രദ്ധിക്കപ്പെട്ടു.

എം.ജെ.പാലോട്ടിന്റെയും, സി.രാധാകൃഷ്ണന്റെയും 2004-ലെ സർവ്വേയിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ 24 ഒലിവ് റിഡ്‌ലി  കൂടുകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്തിനടുത്ത്  ഒലിവ് റിഡ്‌ലി കൂടുണ്ടാക്കുന്നതായി കൃഷ്ണപിള്ളയുടെ റിപ്പോർട്ടിലുമുണ്ട്.  കൂടാതെ, പ്രാദേശിക എൻ.ജി.ഒ-കളുടെ പിന്തുണയോടെ ഭൂപതി നടത്തിയ 2007-ലെ സർവ്വേകൾ സെപ്റ്റംബർ മുതൽ നവംബർ വരെ സാധാരണ രീതിയിലും ഒക്ടോബറിൽ ഉയർന്ന അളവിലും കടലാമകൾ തീരത്തു കൂടുകൂട്ടുന്നതായി കണ്ടെത്തി.

1992-ൽ സുരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ കൊളാവിപ്പാലത്തെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ ചേർന്ന് ‘തീരം പ്രകൃതി സംരക്ഷണസമിതി’ (ടി പി എസ് എസ്) രൂപീകരിച്ചു.  കേരളത്തിന്റെ കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇത് നിർണ്ണായകമായി.  ഒരു തിരിച്ചറിവോടെയാണ് അവരുടെ യാത്ര ആരംഭിച്ചത്.  അവർ കണ്ട കടലാമകളും പ്രാദേശികമായി കഴിക്കുന്ന മുട്ടകളും ഒരേ ഇനത്തിൽപ്പെട്ടവയാണ്.  ഇത് ഈ ദുർബല ജീവികളെ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് തുടക്കമായി.

കേവലം 12 അംഗങ്ങളിൽ നിന്ന് ആരംഭിച്ചു വ്യക്തിഗത ഫണ്ടുകളെ ആശ്രയിച്ച് തീരം പ്രകൃതി സംരക്ഷണസമിതി അംഗങ്ങൾ ആമകൾ കൂടുണ്ടാക്കുന്ന സീസണിൽ രാത്രി ബീച്ച് പട്രോളിംഗിനായി ഇറങ്ങി. വേട്ടക്കാരിൽ നിന്നും മറ്റുജീവികളിൽ നിന്നും മുട്ടകളെ സംരക്ഷിക്കാൻ അവർ ഒരു വേലികെട്ടി  ഹാച്ചറി സൃഷ്ടിച്ചു.  തുടക്കത്തിൽ കൈയിൽ നിന്നും കാശുമുടക്കി രാത്രി കാവൽക്കാരന് ശമ്പളം നൽകി സംരക്ഷണം കാര്യക്ഷമമാക്കി.

1997-ൽ ശ്രീമതി.പ്രകൃതി ശ്രീവാസ്തവയുടെ നേതൃത്തിൽ സംസ്ഥാന വനം വകുപ്പ് ‘തീരം പ്രകൃതി സംരക്ഷണസമിതി’ യുടെ സമർപ്പണത്തെ അംഗീകരിച്ചു. കൂടുണ്ടാക്കുന്ന കാലത്ത് ബീച്ചിൽ പട്രോളിംഗ് നടത്തുന്നതിന് ചില അംഗങ്ങളെ നിയമിച്ചുകൊണ്ട് ബൃഹത്തായ സഹകരണ സമീപനം വളർത്തിയെടുത്തു.  ഇത് തീരം പ്രകൃതി സംരക്ഷണ സമിതിയ്ക്ക് വേതനം കണ്ടെത്താനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സഹായിച്ചു.  തുടർന്ന് സമൂഹ കൂട്ടായ്മ ഇക്കാര്യത്തിൽ അനിവാര്യമെന്ന് മനസ്സിലാക്കി കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പരിപാടികളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും അടുത്തടുത്തുള്ള ഗ്രാമങ്ങളിൽ അവബോധം പ്രചരിപ്പിക്കാൻ മാധ്യമ ശ്രദ്ധ ഉപയോഗിക്കുകയും ചെയ്തു. അവരുടെ പ്രയത്നങ്ങൾ സമീപ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് കടലാമ സംരക്ഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയാനും വേട്ടക്കാരിൽ നിന്നുള്ള സംരക്ഷണത്തിനായി മുട്ടകൾ മാറ്റി സ്ഥാപിക്കാനും പ്രചോദനമായി.

ടി പി എസ് എസ് ന്റെ വിജയം മറ്റ് സംഘടനകൾക്കും പ്രചോദനമായി.  2001-ൽ രൂപീകരിച്ച ‘നെയ്തൽ’ കടലാമ ഹാച്ചറി പരിപാടിക്ക് തുടക്കം കുറിക്കുകയും കാസർകോഡ് ബീച്ചിന്റെ ഒരു പ്രധാന ഭാഗത്ത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പുറത്തിറക്കുകയും ചെയ്തു.  2002-ൽ സ്ഥാപിതമായ ഗ്രീൻ ഹാബിറ്റാറ്റ് വിദ്യാഭ്യസത്തിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും കടലാമ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളുകളുമായും  പ്രാദേശിക സമൂഹങ്ങളുമായും ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

ടി പി എസ് എസ് ന്റെയും കേരളത്തിലെ മറ്റ് സമൂഹ പ്രേരിത സംരംഭങ്ങളുടെയും കഥ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയെ എടുത്തു കാണിക്കുന്നു.  കേരളത്തിന്റെ അമൂല്യമായ പ്രകൃതി സമ്പത്തായ കടലാമകളെ സംരക്ഷിക്കുന്നതിൽ അവരുടെ സമർപ്പണവും സഹകരണവും സാമൂഹിക ഇടപെടലും നിർണ്ണായകമായ പങ്ക് വഹിച്ചു.

പ്രാദേശിക സമൂഹങ്ങൾക്ക് എങ്ങനെ പരിസ്ഥിതി സംരക്ഷണിത്തിന്റെ കാവലാളാകാം എന്നതിനുള്ള ശ്രദ്ധയമായ ഉദാഹരണമായി ഈ പ്രവർത്തനങ്ങൾ വിലയിരുത്താം.

 

Scroll to Top