Kerala Forest Department

നഗരവനം

നഗരങ്ങൾ അനുദിനം വളരുന്നതിനനുസരിച്ച്‌   നമ്മുടെ പച്ചത്തുരുത്തുകൾ ഇല്ലാതായി വരുന്നു.  മലിനീകരണം, ഉയർന്ന താപനില, പ്രകൃതിയുടെ സ്വാഭാവികബന്ധത്തിൽ ഉണ്ടാകുന്ന ദുരാരോഗ്യം എന്നിവയിലേക്കാണ് ഈ അതിവേഗ നഗരവൽക്കരണം എത്തിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച്‌    നഗരവൽകരണം ഉയർത്തുന്ന വെല്ലുവിളികൾ ഇവിടെയുമുണ്ട്. സസ്യജാലങ്ങളും തുറസ്സായ ഇടങ്ങളും കുറയുന്നതും സിമെൻറ് കട്ടകളും ടൈൽസും പാകിയ പാതകളും മുറ്റവുമൊക്കെ താപനില ഉയർത്താൻ സഹായിക്കുന്നു.  ഈ പ്രതിഭാസത്തെ ‘ഹീറ്റ് ഐലൻഡ് ഇഫക്റ്റ്’ എന്നാണ് വിളിക്കുന്നത്. നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ  പച്ചപ്പിൻറെ തുണ്ടുകൾ (നഗരവനങ്ങൾ) ഉണ്ടാകുന്നത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ്.  ഈ ഹരിത ഇടങ്ങൾ വിനോദത്തിനും മാനസികോല്ലാസത്തിനും മാത്രമല്ല കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിനും ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. നഗരങ്ങളിൽ ഒരാൾക്ക് അത്യാവശ്യം വേണ്ട ഏറ്റവും കുറഞ്ഞ ഹരിത ഇടങ്ങൾ 9 ചതുരശ്ര മീറ്റർ ആണെന്ന്  ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. എന്നാൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഇത് പലപ്പോഴും കുറവാണ്. കൂടുതൽ ഹരിത ഇടങ്ങളുടെ അടിയന്തിര ആവശ്യകതയിലേക്കാണ് ഇതു നമ്മെ ലക്‌ഷ്യം വെക്കുന്നത്. വികസന പദ്ധതികളുമായി സംയോജിപ്പിച്ച് ഈ അപര്യാപ്തതയെ മറികടക്കാനാകും.

ഈ വെല്ലുവിളികളെ നേരിടാൻ കേരള സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് നഗരവനം. ഈ പദ്ധതിയുടെ പ്രാഥമിക നടപടിയായി വിവിധ സംഘടനകളെ സഹകരിപ്പിച്ച്   മാതൃകാനഗരവനങ്ങൾ സൃഷ്ടിക്കുന്നു. ഈ സംവിധാനത്തിൽ വിവിധ തട്ടുകളായാണ് സസ്യജാലങ്ങൾ വളർത്തുന്നത്. അതിൽത്തന്നെ തദ്ദേശീയ ഇനങ്ങളെ ഇടതൂർന്ന്  നട്ടുപിടിപ്പിക്കുന്നു. വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്        പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അവയെ സംരക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നഗരവനത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ

ജനപങ്കാളിത്തം വിപുലമായി പ്രയോജനപ്പെടുത്തി,  തദ്ദേശീയ ഇനങ്ങളെ ഇടതൂർന്ന് വളർത്തി,  ചെറിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ച്  കേരളത്തിലെ നഗര/അർദ്ധ നഗരവാസികൾക്ക് പ്രകൃതിദത്തവനങ്ങളുടെ സ്വാഭാവികത ലഭ്യമാക്കുക എന്നതാണ്  നഗരവനം പദ്ധതിയുടെ പൂർണ ലക്ഷ്യം.

പദ്ധതിയുടെ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ ഇവയാണ്:

  • പൊതുജനങ്ങൾക്ക് വനത്തെ അറിയാനും അനുഭവിക്കാനും പ്രാപ്തമാക്കുന്ന തരത്തിൽ നഗര/അർദ്ധനഗര പ്രദേശങ്ങളിൽ  ചെറുകാടുകൾ സൃഷ്ടിക്കുക.
  • നഗരവൽക്കരണത്തിൻറെയും കാലാവസ്ഥാ വ്യതിയാനത്തിൻറെയും ദൂഷ്യഫലങ്ങൾ കുറയ്ക്കുന്നതിന് നഗര/അർദ്ധനഗര പ്രദേശങ്ങളിൽ ഹരിതാഭ വർദ്ധിപ്പിക്കുക.
  • തദ്ദേശീയമായ വൃക്ഷയിനങ്ങൾ, ജൈവ വൈവിധ്യമൂല്യം, ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവൽക്കരിക്കുക.
  • കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിലും മലിനീകരണമുക്തമായ പരിസ്ഥിതി നിലനിർത്തുന്നതിലും വനങ്ങളുടെ പങ്കിനെക്കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ അവബോധം  നൽകുക.
  • യഥാർത്ഥ വനങ്ങളെ / ആവാസവ്യവസ്ഥകളെ അനുകരിക്കുന്നതരത്തിൽ നഗര-അർദ്ധനഗര പ്രദേശങ്ങളിൽ അനുയോജ്യമായ സസ്യങ്ങൾ കണ്ടെത്തി വളർത്തിയെടുക്കുക
  • നഗര, അർദ്ധനഗര പ്രദേശങ്ങളുടെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുക.

നഗരവനം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന തത്വങ്ങൾ :

നഗര/അർദ്ധനഗര പ്രദേശങ്ങളിലെ ചെറിയ സ്ഥലങ്ങളിൽ വേണം ചെറു വനങ്ങൾ നിർമ്മിക്കേണ്ടത്

തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിച്ചു  വിദേശവും അധിനിവേശ സ്വഭാവമുള്ളതുമായ ഇനങ്ങളെ ഒഴിവാക്കുകയും ചെയ്യുക

തദ്ദേശീയ ഇനങ്ങളെ പരമാവധി വളർത്തി എടുക്കുക

വൈദേശിക അധിനിവേശ ജീവജാലങ്ങളെ പൂർണമായും ഒഴിവാക്കുക

ഉയർന്ന സാന്ദ്രതയിൽ ചെടികളുടെ നടീൽ നടത്തുക

ഒന്നിലധികം തട്ടുകളുള്ള മേലാപ്പ്  സൃഷ്ടിക്കുക

തീവ്രമായ പരിചരണപ്രവർത്തനങ്ങൾ നടത്തണം

ദ്രുതഗതിയിൽ സ്വാഭാവികവനങ്ങളായി വളർത്തി എടുക്കുക

കുറഞ്ഞചിലവിൽ സ്ഥാപനവും അറ്റകുറ്റപണികളും

പൊതുജനപങ്കാളിത്തം ഉറപ്പാക്കുക

പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള നടീൽ നടപ്പാക്കാം

നഗരവനം പദ്ധതി കേരളത്തിലെ നഗരവാസികൾക്കും അർദ്ധനഗരവാസികൾക്കും പ്രകൃതിദത്ത വനങ്ങളുടെ പ്രയോജനങ്ങളാണ് ലക്ഷ്യമിടുന്നത്. അതിനായി വിപുലമായ ജനപങ്കാളിത്തത്തോടെ ഇടതൂർന്ന്  നട്ടുപിടിപ്പിച്ച നാടൻ ഇനങ്ങളെ ഉപയോഗിച്ച്‌  പ്രകൃതിദത്ത വനങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നഗരവൽക്കരണത്തിൻറെയും കാലാവസ്ഥാവ്യതിയാനത്തിൻറെയും പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുകയും നഗരപ്രദേശങ്ങളിൽ ഹരിതഇടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. താമസക്കാർക്ക് അവരുടെ ചുറ്റുപാടുകളിൽ നിന്ന് പ്രകൃതിയെ നേരിട്ട് അനുഭവിക്കാൻ സാധിക്കണം. തദ്ദേശീയസസ്യങ്ങളുടെ മേന്മ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥസേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിലും മലിനീകരണവിമുകത്മായ അന്തരീക്ഷം നിലനിർത്തുന്നതിലും വനങ്ങളുടെ പങ്കിനെക്കുറിച്ച്  അവബോധം വളർത്തുകയും ചെയ്യുന്നു.

കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലം ഉണ്ടെങ്കിൽ  നഗരവനം പദ്ധതിക്കായി തിരഞ്ഞെടുക്കാം. വളർച്ചയുടെ സാധ്യതയും വലുപ്പവും അടിസ്ഥാനമാക്കി, നടാനുള്ള നാടൻ ഇനങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. കാലാവസ്ഥ, മണ്ണിൻറെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അനുയോജ്യമായ തദ്ദേശീയ ഇനങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്ലോട്ടുകളുടെ ഘടനയും പാളികളും രൂപകൽപ്പന ചെയ്യുന്നതിനുള്ള സൂചകമായി നിലവിലുള്ള വനങ്ങളെയോ സമീപത്തുള്ള പ്രകൃതിദത്ത സസ്യങ്ങളെയോ ഉപയോഗിക്കാവുന്നതാണ്.

പരിമിതമായ സ്ഥലത്തിനുള്ളിൽ വളർച്ച വർദ്ധിപ്പിക്കുന്നതിന് ഇടത്തൂർന്ന നടീൽ രീതി ഉപയോഗിക്കുന്നു. ശാഖകളുടെ വ്യാപനം, ഉയരം, തണൽ, വളർച്ചാഘട്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സസ്യങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വ്യത്യസ്ത ഉയരങ്ങളിൽ വളരുന്ന സസ്യങ്ങളുടെ തൈകൾ വൈവിധ്യമാർന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന്  സഹായകമാകും.

ഇത്തരം നാടൻ വനവൃക്ഷങ്ങൾ വെച്ചുപ്പിടിപ്പിക്കുമ്പോൾ ജൈവരീതികളിലൂടെ മണ്ണിൻറെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും നനവ്, കളനിയന്ത്രണം, കീടനിയന്ത്രണം, വളപ്രയോഗം എന്നിവ കൃത്യമായി നടത്തുകയും വേണം. ദീർഘകാലസംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രാദേശിക സമൂഹങ്ങളുടെ  പങ്കാളിത്തവും ആവശ്യമാണ്.

ചുരുക്കത്തിൽ, നഗരവനം സൃഷ്ടിക്കുമ്പോൾ- മണ്ണിൻറെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ ജൈവരീതികൾ മാത്രമേ ഉപയോഗിക്കാവൂ, വിദേശ സസ്യങ്ങൾ കർശനമായി ഒഴിവാക്കപ്പെടണം,  നടീൽവസ്തുക്കൾ പ്രാദേശികമായി കണ്ടെത്തണം. നടീലിനു മുൻപ് മണ്ണ് പരിശോധനപോലുള്ള പ്രവർത്തങ്ങൾ നടത്തണം. കൂടാതെ ഓരോ പ്ലോട്ടിനും ഒരു പ്രത്യേക ജേർണൽ ഉണ്ടായിരിക്കണം.

നഗരവനം മാതൃക ആവർത്തിക്കാൻ/ ആഗ്രഹിക്കുന്ന താൽപ്പര്യമുള്ളവർക്ക് വനംവകുപ്പ്  പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിവരുന്നു. നടേണ്ട സസ്യങ്ങൾ  ഏതൊക്കെയെന്നും , തൈകൾ വളർത്തുന്ന രീതികൾ, നടീൽ രീതികൾ എന്തൊക്കെയാണെന്നും പരിശീലനത്തിലൂടെ മനസിലാക്കി നൽകുകയും ചെയ്യുന്നു.

Scroll to Top