ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ് കേരളം. വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 1.18% മാത്രമേയുള്ളുവെങ്കിലും രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3.43% ഈ സംസ്ഥാനത്താണ്. തീരദേശ സമതലങ്ങളും, കായലുകളും, സസ്യജാലസമ്പന്നമായ മലനിരകളും ഒത്തുചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ജൈവവൈവിധ്യ സമൃദ്ധിയാൽ യുനെസ്കോ പട്ടികയിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കേരളം. തനതായ സസ്യജന്തു ജാലങ്ങൾക്ക് പേരുകേട്ട മേഖലയാണിവിടം. ആകർഷകമായ സാംസ്കാരിക പൈതൃകവും ഉയർന്ന സാക്ഷരതാ നിരക്കും സുസ്ഥിരതയിലൂന്നിയ വികസന സങ്കല്പവുമുള്ള കേരളം പ്രകൃതി സൗന്ദര്യത്താലും സാമൂഹിക പുരോഗതിയാലും അനുപമമായ സംസ്ഥാനമാണ്.