ലോകത്തിൻറെ സുസ്ഥിരമായ കാര്യനിർവ്വഹണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും വനം വന്യജീവി ഗവേഷണം വളരെയേറെ നിർണായകമാണ്. ഈ മേഖലയിൽ ജൈവവൈവിധ്യ സംരക്ഷണം, വനം-പരിസ്ഥിതി, വന്യജീവി ജീവശാസ്ത്രം, മികച്ച വനപരിപാലനരീതികൾ എന്നിവ ഉൾപ്പെടെ നിരവധിവിഷയങ്ങൾ ഉൾക്കൊള്ളുന്നു. വന ആവാസവ്യവസ്ഥയുടെ ചലനാത്മകത, വന്യജീവികളുടെ പെരുമാറ്റരീതികൾ, നിലവിലെ പരിസ്ഥിതികളിൽ മനുഷ്യപ്രവർത്തനങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാൻ ഈ മേഖലയിൽ നടത്തുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു. ഇത്തരം വിഷയങ്ങൾ പഠനവിധേയമാക്കുന്നതിലൂടെ വിനവിഭവങ്ങളുടേയും വന്യജീവികളുടേയും സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമായി ഗവേഷകർക്ക് ഫലപ്രദമായ രീതിയിൽ തന്ത്രങ്ങൾ വികസിപ്പിയ്ക്കാൻ കഴിയും.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തേയും ജീർണിച്ച ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ആവാസവ്യവസ്ഥാ പുനഃസ്ഥാപന പദ്ധതികളേയും വന്യജീവിഗവേഷണം പിന്തുണയ്ക്കുന്നു. ജൈവവൈവിധ്യം നിലനിർത്തുന്നതിനും വംശനാശഭീഷണിനേരിടുന്ന ജീവജാലങ്ങളെ സംരക്ഷിയ്ക്കുന്നതിനും വന-ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ പഠനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
ഇത്തരം പരിശ്രമങ്ങൾക്കിടയിലാണ് ആവാസവ്യവസ്ഥയുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, വേട്ടയാടൽ, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വെല്ലുവിളികളെ വനവൽക്കരണപ്രവർത്തനങ്ങളും വന്യജീവി ഗവേഷണവും നേരിടേണ്ടിവരുന്നത്. ഭാവിയിലെ ഗവേഷണമേഖലകൾ വനങ്ങളും വന്യജീവികളും നിലവിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നതരത്തിലുള്ള തന്ത്രങ്ങളിലും വിവിധതരം ആവാസവ്യവസ്ഥകളെ പരസ്പരം കൂട്ടിയിണക്കിയും ഒന്നിലധികം ജീവികളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അതിനനുസൃതമായി ഭൂപ്രകൃതിയൊരുക്കിയുള്ള സംരക്ഷണരീതികളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചേക്കാം. ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിയ്ക്കുന്നതിനും വനം-പരിസ്ഥിതി വ്യവസ്ഥകളുടേയും, വന്യജീവികളുടേയും ദീർഘകാലസുസ്ഥിരത ഉറപ്പുവരുത്തുന്നതിനും തുടർച്ചയായ ഗവേഷണം – ഈ മേഖലകളിൽ നടത്തേണ്ടത് അനിവാര്യമായ കാര്യമാണ്.
വനഗവേഷണം – ഇന്ത്യൻ വീക്ഷണം
വനം-വന്യജീവിസംരക്ഷണം വളരെ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കിവരുന്ന ഒരുരാജ്യമെന്നതിനാൽ വൈവിധ്യമാർന്ന വനങ്ങളുടേയും വന്യജീവി ഇനങ്ങളുടെയും ഒരു വലിയ നിരയാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. കേരളത്തിൽതന്നെ പശ്ചിമഘട്ടപ്രദേശം, ഇന്ത്യയിൽ ഏറ്റവും അധികം ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമായി അംഗീകരിയ്ക്കപ്പെട്ടതാണ്. ആയതിനാൽ വനം പരിസ്ഥിതി വ്യവസ്ഥകൾക്കുള്ളിലെ സങ്കീർണമായ ഇടപെടലുകൾ യഥാസമയം മനസ്സിലാക്കുന്നതിനും ഇതിനായി ഫലപ്രദമായ സംരക്ഷണതന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഈ മേഖലയിൽ സമഗ്രമായ പഠനവും ഗവേഷണവും അനിവാര്യമാണ്.
വനഗവേഷണം, വിദ്യാഭ്യാസം, വിപുലീകരണം എന്നിവ ലക്ഷ്യമിട്ട് സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണ് ഇന്ത്യൻ വന ഗവേഷണ വിദ്യാഭ്യാസ കൗൺസിൽ (ICFRE). ഇത് രാജ്യത്തുടനീളമുള്ള നിരവധി വനഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിച്ചുവരുന്നു. ഐ.സി.എഫ്.ആർ.ഇ യുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പ്രധാനപ്പെട്ട വനഗവേഷണ- ഏജൻസികൾ ഏതെല്ലാമെന്ന് താഴെ വിശദീകരിക്കുന്നു.
- വനഗവേഷണ കേന്ദ്രം, ഡെറാഡൂൺ (Forest Research Institute, Dehradun)
1906-ൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ വനഗവേഷണ വിദ്യാഭ്യാസ കൗൺസിലിൻറെ കീഴിൽ പ്രവർത്തിച്ചുവരുന്ന വളരെ പഴക്കംചെന്ന ഗവേഷണ സ്ഥാപനങ്ങളിലൊന്നാണിത്. വനപരിസ്ഥിതിശാസ്ത്രം, ജൈവവൈവിധ്യസംരക്ഷണം, വനപരിപാലനം, മരശാസ്ത്രം എന്നിവ ഉൾപ്പെടെ വനവൽക്കരണത്തിൻറെ വിവിധ മേഖലകളിൽ വനഗവേഷണകേന്ദ്രം, ഡെറാഡൂൺ ഗവേഷണം നടത്തി വരുന്നു.
- വന ജനിതക ശാസ്ത്ര, വൃക്ഷപ്രജനനകേന്ദ്രം, കോയമ്പത്തൂർ (Institute of Forest Genetics and Tree breeding, Coimbatore (IFGTB))
ഐ.എഫ്.ജി.ടി.ബി. വന ജനിതകശാസ്ത്രം, മരങ്ങളെ മെച്ചപ്പെടുത്തിയെടുക്കൽ, മരങ്ങളുടെ പ്രജനനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വനവൽകരണത്തിനും പുനർനിർമ്മാണ പരിപാടികൾക്കുമായി ഉയർന്ന വിളവ് നൽകുന്നതും കീടങ്ങളെ പ്രതിരോധിക്കുന്നതുമായ വൃക്ഷയിനങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനായി ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.
- വൃക്ഷശാസ്ത്ര, സാങ്കേതിക കേന്ദ്രം, ബാംഗ്ലൂർ (Institute of Wood Science and Technology, Bangalore (IWST))
തടിയുടെ ഗുണനിലവാരം വിലയിരുത്തൽ, മരങ്ങളുടെ സംരക്ഷണം, തടിയുൽപ്പന്നങ്ങളുടെ മൂല്യവർദ്ധന എന്നിവ ഉൾപ്പെടെ മരങ്ങളുടെ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ഈ സ്ഥാപനം ഗവേഷണം നടത്തിവരുന്നു.
- മുള, ചൂരൽ വനഗവേഷണകേന്ദ്രം, ഐസ്വാൾ (Forest Research Centre for Bamboo and Rattan)
മുള, ചൂരൽ എന്നിവയേക്കുറിച്ചുള്ള ഗവേഷണത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഈ സ്ഥാപനം അതിൻറെ പ്രചരണത്തിനും കൃഷിയ്ക്കും അവയുമായി ബന്ധപ്പെട്ട ഉപജീവനം നടത്തിവരുന്നവരുടെ മെച്ചപ്പെടുത്തലിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നു.
- തരിശായ വനങ്ങളുടെ ഗവേഷണകേന്ദ്രം, ജോധ്പൂർ (Arid Forest Research Institute, Jodhpur (AFRI))
മരുഭൂവൽക്കരണ നിയന്ത്രണ, വനവൽക്കരണ സാങ്കേതികവിദ്യകളും തരിശായ വനങ്ങളുടെ സുസ്ഥിര പരിപാലനവും ഉൾപ്പെടെയുള്ള നിർജ്ജീവവും, അർദ്ധശുഷ്ക്കവുമായ പരിസ്ഥിതി സംവിധാനങ്ങളേക്കുറിച്ചുളള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനമാണ് എ.എഫ്.ആർ.ഐ.
- ഹിമാലയൻ വനഗവേഷണകേന്ദ്രം, ഷിംല (Himalayan Forest Research Institute, Shimla (HFRI))
കാലാവസ്ഥാവ്യതിയാനത്തിൻറെ ആഘാതങ്ങളേയും അവയുമായി പൊരുത്തപ്പെട്ട് പോകാനുള്ള തന്ത്രങ്ങളേയും കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടെ ഹിമാലയൻ മേഖലയിലെ പരിസ്ഥിതി, ജൈവവൈവിധ്യം, വനങ്ങളുടെ പരിപാലനം എന്നിവ സംബന്ധിച്ച് പഠനങ്ങളും ഗവേഷണങ്ങളുമാണ് ഹിമാലയൻ വനഗവേഷണകേന്ദ്രം നടത്തിവരുന്നത്.
- ഉഷ്ണമേഖലാ വനഗവേഷണകേന്ദ്രം, ജബൽപൂർ (Tropical Forest Research Institute, Jabalpur)
മദ്ധ്യ ഇന്ത്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യത്തെ സംബന്ധിച്ച വിലയിരുത്തലുകൾ, വനപരിപാലനം ഉൾപ്പെടെ ഉഷ്ണമേഖലാവനങ്ങളേക്കുറിച്ചുള്ള പഠനങ്ങളിലും ഗവേഷണത്തിലും ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നു.
- മഴക്കാട് ഗവേഷണകേന്ദ്രം, ജോർഹറ്റ് (Rain Forest Research Institute, Jorhat (RFRI) )
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ട് മഴക്കാടുകളുടെ ജൈവവൈവിധ്യം, പരിസ്ഥിതിശാസ്ത്രം, പരിപാലനം എന്നിവയേക്കുറിച്ച് ആവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും ആർ.എഫ്.ആർ.ഐ നടത്തിവരുന്നു.
മേൽപ്പറഞ്ഞ സ്ഥാപനങ്ങളും നിരവധി പ്രാദേശിക കേന്ദ്രങ്ങളും, പദ്ധതി നടത്തിപ്പ് കേന്ദ്രങ്ങളും എല്ലാം ചേർന്ന് ഇന്ത്യൻ വനഗവേഷണ വിദ്യാഭ്യാസ കൗൺസിലിൻറെ കുടക്കീഴിൽ ഇന്ത്യയിലെ വനഗവേഷണ മേഖലയുടെ നട്ടെല്ലായിമാറുന്നു. അറിവ് വികസിപ്പിയ്ക്കുന്നതിലും സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും രാജ്യത്തെ സുസ്ഥിരവനപരിപാലനത്തിനും ജൈവവൈവിധ്യസംരക്ഷണത്തിനുമുള്ള നയങ്ങൾ രൂപീകരിക്കുന്നതിലും അവർ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിലെ വന്യജീവി ഗവേഷണം (Wildlife Research in India)
കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഉത്തരഖണ്ഡിലെ ഡെറാഡൂൺ ആസ്ഥാനമായുള്ള ഈ സ്ഥാപനം ഇന്ത്യയിലെ വന്യജീവികളുമായി ബന്ധപ്പെട്ട ഗവേഷണത്തിനും സംരക്ഷണപ്രവർത്തനങ്ങൾക്കും ഏറെ പേരുകേട്ടതാണ്. ജൈവവൈവിധ്യം വിലയിരുത്തൽ, ആവാസവ്യവസ്ഥ കൈകാര്യംചെയ്യൽ, സംരക്ഷണജീവശാസ്ത്രം, വന്യജീവി ആരോഗ്യം എന്നിവ ഉൾപ്പടെ വന്യജീവികളുടെ വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിവരുന്നു. രാജ്യത്തെ വന്യജീവിസംരക്ഷണവും അതിൻറെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ ഏജൻസികളുമായും സംഘടനകളുമായും ഇവർ സഹകരിച്ച് പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ വന്യജീവി ഗവേഷണം (Forestry Research in Kerala)
കേരള വനംവകുപ്പിൽ വർക്കിംഗ് പ്ലാൻ &റിസർച്ച് എന്ന ഒരു സമർപ്പിതവിഭാഗം പ്രവർത്തിച്ചുവരുന്നുണ്ട്. അത് വകുപ്പിൻറെ പ്രവർത്തനപദ്ധതികൾ തയ്യാറാക്കുന്നതിനൊപ്പം ഗവേഷണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമീപ വർഷങ്ങളായി, സ്വതന്ത്രമായി ഗവേഷണം നടത്തുന്നതിനു പകരം ശാസ്ത്രസമൂഹവുമായും മറ്റ് ഗവേഷണസ്ഥാപനങ്ങളുമായും വനംവകുപ്പ് സഹകരിച്ച് പ്രവർത്തിക്കുന്നു. താഴേതട്ടിൽ നിന്നുതന്നെ വനങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്നതിന് പ്രയോജനം ചെയ്യുന്ന ഗവേഷണഫലങ്ങൾ സൃഷ്ടിയ്ക്കാൻ ഇത്തരം സഹകരണ സമീപനം ലക്ഷ്യമിടുന്നു.
വനഗവേഷണ വിഭാഗത്തിൻറെ സ്ഥാപനങ്ങൾക്ക് പുറമെ, കേരളത്തിൽ വനം, വന്യജീവി, കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഗവേഷണങ്ങൾ ഏറ്റെടുക്കുന്ന വിവിധ സംഘടനകൾ പ്രവർത്തിച്ചുവരുന്നുണ്ട്. കേരളത്തിൽ വനം, വന്യജീവി ഗവേഷണം എന്നിവയിൽ സജീവ സാന്നിദ്ധ്യമായി തുടരുന്ന ചില പ്രധാന സംഘനടനകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
- കേരള വന ഗവേഷണകേന്ദ്രം, പീച്ചി (KFRI)
കേരളത്തിൽ ജൈവവൈവിധ്യ സംരക്ഷണം, വനം-പരിസ്ഥിതി, കാർഷിക വനവത്ക്കരണം, സാമൂഹിക വനവത്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന പ്രമുഖ ഗവേഷണസ്ഥാപനമാണ് തൃശ്ശൂരിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന കേരള വനഗവേഷണകേന്ദ്രം (KFRI). വന ആവാസവ്യവസ്ഥാ, ജൈവവൈവിധ്യം, വന്യജീവികളുടെ എണ്ണം, ആവാസവ്യവസ്ഥയുടെ ഉപയോഗം എന്നിവയെല്ലാം അവരുടെ ഗവേഷണത്തിൽ ഉൾപ്പെട്ടിരിയ്ക്കുന്നു. അവർ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും, പരിശീലന പരിപാടികൾ, കൺസൾട്ടൻസി, തൈകൾ വളർത്തൽ, മണ്ണ്-മരം എന്നിവ സംബന്ധിച്ച വിശകലനം, വനവിത്തുകൾ ലഭ്യമാക്കൽ, വൃക്ഷഹെൽപ്പ് ലൈൻ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നു.
- ഫോറസ്ട്രി കോളേജ്, തൃശ്ശൂർ
കേരള കാർഷിക സർവ്വകലാശാലയിലെ ഫോറസ്ട്രി കോളേജിൽ വനശാസ്ത്രവും സുസ്ഥിരവന പരിപാലനവും മെച്ചപ്പടുത്തുന്നതിനായി വിവിധ തലങ്ങളിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരുന്നു. ജൈവവൈവിധ്യ സംരക്ഷണം, കാർഷി വനശാസ്ത്രം, സിൽവികൾച്ചർ, വനം പരിസ്ഥിതി ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം പൊരുത്തപ്പെടുത്തൽ, കമ്മ്യൂണിറ്റി ഫോറസ്ട്രി, വന്യജീവികളെ കൈകാര്യം ചെയ്യൽ, വനനയം, വന ഉത്പന്നങ്ങളുടെ ഉപയോഗം എന്നീ മേഖലകളിൽ അവർ ശ്രദ്ധ പുലർത്തിവരുന്നു. ഈ ശ്രമങ്ങളെല്ലാം പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കാനും വനത്തിൻറെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും കേരളത്തിലും പുറത്തും സുസ്ഥിരമായ വിഭവ ഉപയോഗം പ്രോത്സാഹിപ്പിയ്ക്കാനും ലക്ഷ്യമിടുന്നു.
- കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെൻറൽ സയൻസ്, തൃശ്ശൂർ
തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ, ജൈവവൈവിധ്യസംരക്ഷണം, സുസ്ഥിരവികസനം, പരിസ്ഥിതി മലിനീകരണ ലഘൂകരണം, പ്രകൃതി വിഭവങ്ങളുടെ കൈകാര്യം, പരിസ്ഥിതിനയം, ഭരണം എന്നിവിയിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ലക്ഷ്യങ്ങൾ ശാസ്ത്രീയ ഗവേഷണത്തിലൂടെയും സുസ്ഥിര മാനേജ്മെൻറ് രീതികളിലൂടെയും കാലാവസ്ഥാവ്യതിയാനത്തിൻറേയും പാരിസ്ഥിതിക തകർച്ചയുടേയും വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിടുന്നു.
ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും കേരളത്തിൻറെ പരിസ്ഥിതി ആവാസ വ്യവസ്ഥകളുടേയും വന്യജീവിസമൂഹത്തിന്റെയും ദീർഘകാല ആരോഗ്യവും പൂർവസ്ഥിതി പ്രാപിക്കുന്നതിനും തുടർച്ചയായ ഗവേഷണങ്ങളും പഠനങ്ങളും ഏറെ അനിവാര്യമാണ്.