അറബികടലിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് കേരളം. ഏകദേശം 600 കിലോമീറ്റർ നീളമുള്ള കടൽ തീരവും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും ചേർന്ന് അണിയിച്ചൊരുക്കിയ ജൈവവൈവിധ്യത്തിന്റെ കേദാരഭൂവാണിവിടം. ഈ തെക്കു പടിഞ്ഞാറൻ സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത കേരവൃക്ഷ ങ്ങളാൽ നിറഞ്ഞ ബീച്ചുകളും സുന്ദരമായ കായലുകളുമാണ്.
കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ 29 ശതമാനവും നിബിഡ വനങ്ങളാണ്. ഇന്ത്യയിലുള്ള 25% സസ്യജാലങ്ങളും ഈ വനങ്ങളിൽ കാണപ്പെടുന്നു. ഈ വൈവിധ്യമാർന്ന ഭൂപ്രകൃതിയിൽ 1,272 ഇനം സസ്യജാലങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും നിറഞ്ഞ ശേഖരമുണ്ട്. വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഇടയിൽ കേരളം പുലർത്തുന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥയുടെ തെളിവാണ് കേരളത്തിന്റെ പച്ചപ്പ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള ജൈവവൈവിധ്യത്തിന്റെ ഏകദേശം 22 ശതമാനം കേരളത്തിന്റെ അതിർത്തിക്കുള്ളിലാണ് നിലകൊള്ളുന്നത്. മൊത്തം ഭൂവിസ്തൃതിയുടെ 6 ശതമാനം സ്ഥലത്തായി 6 ദേശീയ ഉദ്യാനങ്ങളും, 18 വന്യജീവി സങ്കേതങ്ങളും പ്രൗഢ ഗംഭീരമായി ഇവിടെ പ്രശോഭിക്കുന്നു. ലോകത്തിലെ എട്ട് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി കണക്കാക്കുന്ന പശ്ചിമഘട്ടം, ഏഷ്യൻ ആന, സിംഹവാലൻ കുരങ്ങ്, വരയാട് എന്നിവയുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിർണായക ആവാസവ്യവസ്ഥയാണ്.
പാരിസ്ഥിതിക പ്രാധാന്യം ഉണ്ടായിരുന്നിട്ടും, കേരളത്തിന്റെ ജൈവവൈവിധ്യം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. കൃഷി, മരം മുറിക്കൽ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കായുള്ള വനനശീകരണം ഈ സൂക്ഷ്മമായ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാണ്. പുരോഗതിയും സംരക്ഷണവും തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധം പ്രധാനമാകുമ്പോൾ സുസ്ഥിരവും തന്ത്രപരവുമായ സംരക്ഷണ ശ്രമങ്ങളുടെ ആവശ്യവും അനിവാര്യതയാകുന്നു.
കേരളത്തിലെ സസ്യജീവിതത്തിന്റെ ചരിത്രരേഖകളാണ് H.A വാൻറീഡ് തയ്യാറാക്കിയ “ഹോർത്തൂസ് മലബാറിക്കസ്” എന്ന കൃതി. കേരളത്തിന്റെ ജൈവവൈവിധ്യം അതിന്റെ സാംസ്കാരിക സ്വത്വവുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് മനസിലാക്കാം. “ഹോർത്തൂസ് മലബാറിക്കസിൽ” രേഖപ്പെടുത്തിയി രിക്കുന്ന വൈവിധ്യമാർന്ന സസ്യജാലങ്ങൾ മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പരമ്പരാഗത വൈദ്യശാസ്ത്രം, കൃഷി, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തനതായ രീതികൾ ജൈവവൈവിധ്യ സമ്പന്നതയാൽ വേരൂന്നിയതാണ്.
ജൈവവൈവിധ്യ സംരക്ഷണത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത കേവലം ഒരു സർക്കാരിന്റെ മാത്രമല്ല, അതൊരു കൂട്ടുത്തരവാദിത്തം കൂടിയാണ്. ജൈവവൈവിധ്യങ്ങളുടെ ലോകത്തേക്ക് കൂടുതൽ ആഴത്തിൽ പഠനം നടത്തുമ്പോൾ ഇവിടത്തെ പാരിസ്ഥിതിക സമ്പത്ത് പ്രകടമാക്കുന്ന അപൂർവവും അമൂല്യവുമായ സസ്യജന്തുജാലങ്ങളുടെ ഒരു അത്ഭുതകവാടമാണ് തുറക്കുന്നത്.